എ.സഹദേവന്‍
വായന മരിച്ചു- മലയാള ഭാഷ മരിച്ചു എന്നെല്ലാം പറയുന്നവരോട് നമുക്കു ഘോരമായ യുദ്ധം ചെയ്യേണ്ട കാലമാണിതെന്നു എനിക്കു തോന്നിയിട്ടുണ്ട്.
ഭാഷയോട് ഇത്രക്കു സ്നേഹം തോന്നുന്ന ഒരു തലമുറ മുന്‍പു ഉണ്ടായിട്ടില്ല എന്നതാണു വാസ്തവം. കാരണമുണ്ട്. ഇപ്പോള്‍ അന്‍പത്തേഴു വയസ്സായ ഞാന്‍ എന്റെ കുട്ടിക്കാലത്തു ആ പ്രായത്തില്‍ എന്നോടൊപ്പം പുസ്തകം വായിക്കുന്നവരുടെ എണ്ണം അതെക്കാള്‍ കുറവായിരുന്നു എന്നു മനസ്സിലാക്കിയിട്ടുണ്ടു. സ്വന്തമായി എഴുതുന്നവരുടെ എണ്ണവും കുറവായിരുന്നു. ഭാഷയുടെ വ്യാകരണത്തിന്റെ കടുപ്പത്തെച്ചൊല്ലി പരാതിപ്പെട്ട് എത്രയെത്ര പേരാണു രണ്ടാം ഭാഷയായി ഹിന്ദിയും സംസ്കൃതവും ഫ്രഞ്ചും പഠിക്കാന്‍ പോയതു! പത്തിരുപതു മാര്‍ക്കു കൂടുതല്‍ വാങ്ങിച്ച ശേഷം അവരാ ഭാഷകളെ പില്‍ക്കാലത്തു ഉപേക്ഷിക്കുകയും ചെയ്തു.മലയാളം പഠിച്ചവരോ, അതു കുറഞ്ഞ അളവിലെങ്കിലും അവരറിയാതെ അടുത്ത തലമുറക്കു എന്തെങ്കിലും വിധത്തില്‍ കൈമാറി കൃതാര്‍ഥരായി.
ഇന്നു മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ വളരെ അഹ്ലാദകരമായ വര്‍ത്തമാനങ്ങളാണ് അറിഞ്ഞുവരുന്നത്. ചെറുപ്രായക്കാര്‍ മുതല്‍ ഇങ്ങോട്ടു പല പ്രായക്കാര്‍ ആവേശകരമായ അളവില്‍ വായനയുടേയും എഴുത്തിന്റേയും ലോകത്തേക്കു വന്നിരിക്കുന്നു. സ്ത്രീകളുടെ കാര്യം പ്രത്യേകിച്ച് എടുത്തു പറയണം. വായിക്കുന്നു എഴുതുന്നു എന്നതിലുപരി ഭാഷയുടെ പ്രായോഗികക്ഷമത വര്‍ദ്ധിക്കുന്നതിനായുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അവലംബിക്കുന്നു എന്നതാണു മനസ്സ് നിറയ്ക്കുന്നതു. ബ്ലോഗുകളിലെ എഴുത്തുകാര്‍ മലയാളി ജീവിതത്തെ വാങ്ങ്‌മയചിത്രങ്ങളാക്കി മാറ്റിക്കൊണ്ട് ഭാഷയെ സമ്പന്നമാക്കുന്നു. ജീവനുള്ളതാക്കുന്നു. ഭാഷാഗവേഷണം സുഗമമാക്കാന്‍ കമ്പ്യൂട്ടറുകള്‍ക്കായിരിക്കുന്നു. ഇന്റര്‍നെറ്റ് മലയാള ഭാഷയെ എത്രയോ ഉയരത്തില്‍ ആണ് നിര്‍ത്തിയിരിക്കുന്നതു. ഗൂഗ്‌ള്‍ നിര്‍വഹിക്കുന്ന ഭാഷാപ്രക്രിയകള്‍ ഇരിക്കട്ടെ, ഐ.ടി.മേഖലയിലെ നമ്മുടെ യുവതലമുറ അവിരാമം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികമായ കണ്ടെത്തലുകളും പ്രയോഗങ്ങളും ദശാബ്ദങ്ങള്‍ എടുത്തുകൊണ്ടു നികുതിദായകരുടെ വന്‍തുക ചിലവിട്ടു ചില മേഖലകള്‍ നിര്‍വഹിച്ച ഭാഷാ സേവനത്തെക്കാള്‍ എത്രയോ അമൂല്യമാണെന്നു ഞാന്‍ ആധികാരികമായി ഒന്നും പറയാന്‍ ആളല്ലെങ്കിലും രേഖപ്പെടുത്താന്‍ ആഗ്രഹിക്കുകയാണ്. അങ്ങനെ ചെയ്യുന്നു. അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആണു എനിക്കു താല്‍പ്പര്യം. വികാസത്തിനു 'യെസ്' പറയാനാണു മലയാളി തയ്യാറാവേണ്ടതു.
എഴുതാന്‍ തുടങ്ങിയതു വേറൊന്നായിരുന്നു.
ഭാഷ നമ്മുടെ മനസ്സിന്റെ ഭാഗമാവുന്നതെപ്പോള്‍ എന്നാണ് ഇതെഴുതാന്‍ ആരംഭിച്ച്പ്പോള്‍ ഞാന്‍ ആലോചിച്ചത്.
ഒരു പുസ്തകം വായിക്കുമ്പോള്‍ ഒരു വരിയുടെ ആദ്യാക്ഷരം മുതല്‍ ആ വരിയിലെ അവസാന അക്ഷരം വരെ ഓരോ അക്ഷരത്തിലും കണ്ണ്‍ അല്‍പ്പം തങ്ങി നിന്നാണ് മുന്നോട്ടു പോകുന്നതു എന്നു കരുതുക. ഭാഷ നമുക്കു വഴങ്ങിയിട്ടില്ല എന്നാണര്‍ഥം. അക്ഷരങ്ങള്‍ കണ്ടു തുടങ്ങിയ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ പെറുക്കിപെറുക്കി വായിക്കുന്നതിനു തുല്യമാണത്. വരിയുടെ ഏതാണ്ടു നടുവില്‍ കണ്ണു കേന്ദ്രീകരിച്ചുകൊണ്ടു ഇടത്തും വലത്തുമായി ഒരു നര്‍ത്തകിയുടേതു പോലെ മിഴികള്‍ ചലിപ്പിച്ചു വായിച്ചു വായനക്കു വേഗത കൂട്ടാം. അക്ഷരങ്ങള്‍ തലകീഴായിപ്പിടിച്ചു വേഗത്തില്‍ വായിക്കുന്ന എത്രയോ പേരെ ഞാന്‍ കണ്ടിട്ടുണ്ടു. മലയാളം ഇടത്തോട്ടു വേഗത്തില്‍ വായിക്കുന്നവരേയും എഴുതുന്നവരേയും ഞാന്‍ കണ്ടിട്ടുണ്ടു. ഇവര്‍ക്കെല്ലാം നല്ല മിടുക്കുണ്ടു.വായിച്ചു പോകുമ്പോള്‍ വരാന്‍ പോകുന്ന വാക്കെന്താണെന്ന്, എഴുത്തുകാരന്‍ ഉപയോഗിച്ചിരിക്കുന്ന പദമെന്താണെന്നു കൃത്യമായി വായിച്ചെടുക്കാന്‍ കഴിയുന്ന ആളും മിടുക്കനായ വായനക്കാരന്‍ ആവതെ വയ്യ. ഞാന്‍ വളരെ മുന്‍പു എന്റെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചു വെച്ച ഇംഗ്ലീഷിലുള്ള ഒരു ഖണ്ഢിക ഇവിടെ എടുത്തു ചേര്‍ക്കുന്നു. ഓരോ വാക്കിലേയും സ്പെല്ലിംഗ് തെറ്റിച്ചെഴുതിയിട്ടുള്ള ഇ ചെറുകുറിപ്പില്‍ ഒരു നിയമം മാത്രം കൃത്യമായി പാലിച്ചിരിക്കുന്നു. വാക്കിന്റെ ആദ്യക്ഷരവും അന്ത്യാക്ഷരവും മാത്രം അവിടെത്തന്നെ നിര്‍ത്തിയിരിക്കുന്നു. പക്ഷെ, ഇത്രയും മാത്രം മതി ഭാഷയുടെ താക്കോല്‍ സ്വന്തമായി കിട്ടിയ ഒരാള്‍ക്കു താന്‍ സ്വായത്തമാക്കിയ വേഗത്തില്‍ വായിച്ചുതീര്‍ക്കാന്‍. ഒന്നു ശ്രമിച്ചു നോക്കുക.
Aoccdrnig to rscheearch at Cmabridge Uinervtisy, it deosn't mttaer in waht oredr the ltteers in a wrod are, the olny iprmoatnt tihng is taht the frist and lsat ltteer be at the rghit pclae. The rset can be a ttoal mses and you can sitll raed it wouthit porbelm. Tihs is bcuseae the huamn mnid deos not raed ervey lteter by istlef, but the wrod as a wlohe. Aleutsobly amzanig huh.
ആദ്യം 25 സെക്കന്റ് എടുതാണു ഞാന്‍ ഇതു വായിച്ചതു. ഇന്നു 15 സെക്കന്റ് ആണു ശരാശരി എടുക്കുന്ന സമയം.
Thursday, November 15, 2007
Subscribe to:
Post Comments (Atom)
6 comments:
ബ്ലോഗ് മലയാള ഭാഷക്കും, ഒപ്പം വായനക്കും (ബ്ലോഗനക്കും) ഒരു പുത്തനുണര്‍വ്വ് നല്‍കിയിരിക്കുന്നു, യാതൊരു സംശയവുമില്ല. താങ്കളെപോലുള്ളവര്‍ ബ്ലോഗിലേക്ക് കടന്നു വരുന്നത് വളരെ നല്ല കാര്യം. പുതിയ പോസ്റ്റുകള്‍ പോരട്ടെ...
നന്നായിരിക്കുന്നു.
ആദ്യത്തേയും അവസാനത്തേയും അക്ഷരം പിഴക്കാതിരുന്നാല്‍ വായന സാധ്യമാകും എന്നതിന്റെ ഉദാഹരണം കലക്കി. നന്ദി.
(മുന്‍ ചിത്രഭൂമി സഹദേവനാണോ?)
നല്ല ലേഖനം.:)
വളരെ നല്ല ലേഖനം തന്നെ മാഷേ...
ഇനിയും നല്ല ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു.
:)
സഹദേവന്റ്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.
മലയാളത്തിന്റെ ഭാവിയേപ്പറ്റി പ്രത്യാശ തോന്നിപ്പിക്കുന്ന ഈകുറിപ്പിനു വളരെ നന്ദി!
Post a Comment