Tuesday, November 20, 2007

കുളങ്ങള്‍

കുളങ്ങള്‍
എന്റെയും നിങ്ങളുടേയും ജീവന്‍


ഏതൊരാള്‍ക്കും പ്രകൃതിയുടെ ഗന്ധം എന്നതു അവരുടെ ജന്മദേശത്തിന്റെ ഗന്ധം ആണു എന്നാണ്‌ ഞാന്‍ കരുതുന്നത്‌. നിറവും അങ്ങനെ തന്നെ. എന്നെ സംബന്ധിച്ചിടത്തോളം എനിക്കു ഇനിയും അനുഭവിച്ചു മതിയാവാത്തതു ആ ഗന്ധവും നിറവും ആണ്‌. തിരിച്ചറിയാറാവുമ്പോഴേക്കും അവിടം വിട്ടു പോയിരുന്നു. അന്നു മുതല്‍ പാലക്കാടിന്റെ ജൈവ തന്മാത്ര എന്നെ അവിടേക്കു വലിച്ചടുപ്പിക്കുന്നു. വിട്ടുപോവുമ്പോള്‍ ഭൂമിയില്‍ നിന്നു അന്യഗ്രഹത്തിലേക്കു പോകുന്നതു പോലെയാണ്‌ തോന്നുക.
എങ്ങിനെയാണ്‌ ഒരാള്‍ക്കു നീണ്ട കാലത്തേക്കു അയാളുടെ കാലദേശങ്ങളേയും ജീവജാലങ്ങളേയും വിട്ടുപോകാനാകുക എന്നു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌! എന്തെല്ലാമോ തരം വറുതിയിലാണ്‌ മനുഷ്യര്‍ ഇടങ്ങള്‍ വിട്ടുപോകുന്നത്‌. പിന്നെ വ്യസനിക്കുന്നു. കന്യാവനങ്ങള്‍ ചാമ്പലാക്കുന്നതും മണ്ണ്‌ കരിയുന്നതും കാണുന്നു.
ജനിച്ചന്നുതൊട്ട്‌ ദേശവുമായി ബന്ധിപ്പിക്കുന്ന ആ ജീന്‍ വലക്കുകയാണ്‌.
എന്റെ അബോധമനസ്സില്‍ എന്നും ഉള്ളത്‌ കറുത്തിരുണ്ട ജലരാശിയും കാറ്റത്തുചായുന്ന പായലും ആണ്‌.
തര്‍കോവ്‌സ്‌കി സംവിധാനം ചെയ്ത സൊളാരിസ്‌ എനിക്കു ശരിക്കും മനസ്സിലാകുന്നതു ഒരു പാലക്കാടന്‍ വേനല്‍ മധ്യാഹ്നത്തില്‍ എന്റെ ദേശത്തെ വിസ്ത്ര്തമായ താമരക്കുളത്തിന്റെ വക്കത്തു തികച്ചും ഒറ്റക്കു നിന്നതിന്റെ ഓര്‍മ്മയിലാണു. കുളം നിറയെ ചെന്താമരയായിരുന്നു.മലമ്പുഴക്കുന്നുകളുടെ താഴ്‌വരയില്‍ പനങ്കാടുകള്‍ക്കു നടുവില്‍ നെല്‍പ്പാടങ്ങളുടെ നടുക്കായിരുന്നു ആ താമരക്കൂളം. കാരടിക്കുളമെന്നായിരുന്നു പേര്‌. കുറച്ചു പടിഞ്ഞാറായി അച്ഛന്റെ വീട്ടിനടുത്തുള്ള എരുകുളം അഗാധത കൊണ്ടു കറുത്തിരുണ്ടും കണ്ണാടി പോലെ ആകാശം പ്രതിഫലിപ്പിച്ചും ഏകാന്തതയും ഭൂമിയുടെ അപാരതയും മനസ്സില്‍ ജനിപ്പിക്കുന്ന മറ്റൊരു വിഭ്രമകരമായ കാഴ്ച പ്രദാനം ചെയ്തിരുന്നു. ആ കുളത്തിന്റെ കരയില്‍ നിന്നപ്പോഴുള്ള ഭയവും അതിനെ വെല്ലുവിളിക്കുന്ന പ്രകൃതി തന്നെ പിന്തുണച്ച അസാമാന്യമായ ധൈര്യവും എന്നെ അന്നു 'നിനക്കു ഒരു ബഹിരാകാശസഞ്ചാരിയായിക്കൂടെ' എന്നു ഉള്ളില്‍ നിന്നാരോ ചോദിക്കുന്ന മാനസികാവസ്ഥയിലേക്കെത്തിച്ചിരുന്നു. ചോദ്യത്തിനടിസ്ഥാനം ഇപ്പോഴും അറിയില്ല.
ചെന്താമരകളെ കുറിച്ചാണല്ലൊ പറഞ്ഞത്‌. താമരകള്‍ നിഗൂഢസ്വഭാവം കൊണ്ട്‌ ഭൂമിയിലെ പൂക്കളല്ല. സൂക്ഷിച്ചു നോക്കിയാല്‍ അറിയാം. ജലാശയത്തിനടിയിലേക്കു താമരത്തണ്ടുകള്‍ ഊര്‍ന്നിറങ്ങുന്നു. അവ രാത്രിയിലുറങ്ങുന്നു. സൂര്യവെളിച്ചത്തിലേക്കുണരുന്നു. വെള്ളവും നിഗൂഢമാണ്‌. എല്ലാം ചേര്‍ന്നു ഇതൊന്നും ഈ ഭൂവിഭാഗത്തില്‍പ്പെട്ടതല്ല എന്ന ചിന്തയാണുളവാക്കുക. ഒരപരിചിതഗ്രഹത്തിലെത്തിയ ബഹിരാകാശസഞ്ചാരിയുടെ ഓര്‍മകളിലെ പ്രതലം മാത്രം. വര്‍ഷകാലത്ത്‌ കുളം വരമ്പ്‌ പൊട്ടി ഒഴുകും. പായല്‍ ചാഞ്ഞു ഉലഞ്ഞുകൊണ്ടിരിക്കും. സൊളാരിസില്‍ അത്തരമൊരു ഫ്രെയിം കാണാം. ചിത്രത്തില്‍ ഭൂപ്രകൃതിയുടെ നിരവധി ഷോട്ടുകള്‍ ഉണ്ട്‌. പ്രത്യേകിച്ചു ബഹിരാകാശസഞ്ചാരിയായ ക്രിസ്‌ കെല്‍വിന്റെ വീട്ടിനടുത്ത തടാകത്തിന്റെ ദൃശ്യം. കെല്‍വിന്‍ താന്‍ ഭൂമിയിലേക്കു അടുത്തൊന്നും തിരിച്ചുവരില്ലെന്നറിഞ്ഞുകൊണ്ടു സൊളാരിസ്‌ ഗ്രഹത്തിലേക്കു യാത്രയാവുകയാണ്‌. ആ ഗ്രഹം തന്നെ സമുദ്രമാണ്‌. നിഗൂഢമായ മനസ്സും ബുദ്ധിയുമുള്ള ജൈവസാന്നിധ്യമാണതു. അതയാളെ ഭൂമിയുമായി ചെറുതായൊന്നുമല്ല തളച്ചിടുന്നതു. എന്നാല്‍ മുന്‍സഞ്ചാരികളാരോ സൊളാരിസിലേക്കു ക്ഷുദ്രകിരണങ്ങളയച്ച്‌ നടത്തിയ പരീക്ഷണങ്ങളെ തുടര്‍ന്നു അജ്ഞാതരായ സന്ദര്‍ശകര്‍ ബഹിരാകാശവാഹനത്തിലേക്കു വരുന്നതോടെ കെല്‍വിന്റെ അസ്വസ്ഥത കൂടുന്നു. പത്തു വര്‍ഷം മുന്‍പു മരിച്ചു പോയ ഭാര്യ പോലും ആ വാഹനത്തില്‍ പ്രത്യക്ഷയാകുകയാണ്‌.എന്റെ കുളങ്ങള്‍ എത്രയാണ്‌ ആ ചിത്രത്തെ മനസ്സിലാക്കാന്‍ സഹായിച്ചതെന്നോ!
വീടിനു ചുറ്റും വളരെ അകലെയല്ലാതെ ഏഴോ എട്ടോ കുളങ്ങള്‍ അന്നു ഉണ്ടായിരുന്നു. നല്ലനല്ല പേരുകളുള്ള കുളങ്ങള്‍. തുമ്പിക്കുളം, പെരുങ്കുളം, എരുകുളം, സൂര്യചിറ, നാരാഞ്ചിറ. വാസ്തവത്തില്‍ കുളങ്ങള്‍ ദേശങ്ങളുടെ ജീവിതമാണ്‌. അറ്റ വേനലില്‍ ഈ കുളങ്ങളാണ്‌ ദേശത്തിന്റെ ജീവശ്വാസം. എരുകുളം വറ്റുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകും.
പാവം പക്ഷികള്‍ ഇടങ്ങള്‍ വിട്ടുതുടങ്ങും.
നമ്മുടെ വളപ്പുകളില്‍ എല്ലായ്പ്പോഴും പത്തുപതിനഞ്ചു കിളികളെങ്കിലും കൊത്തിപ്പെറുക്കി അലഞ്ഞുനടക്കുന്നതു കാണാം. വേനല്‍ മൂക്കുമ്പോള്‍ അവ ഓരോന്നായി താഴ്‌വരയിലെ അകാശങ്ങള്‍ വിടും.അവസാനം കാക്കകളും മൈനകളും മാത്രമാവും.
അപ്പോഴേക്കും പനമ്പഴം വീഴുന്ന സമയമാവും.
മണ്‍കൂനകള്‍ ഉണ്ടാക്കി പനമ്പഴങ്ങള്‍ അടുക്കി വെച്ചു നനച്ചു ദിവസങ്ങള്‍ കാത്തിരിക്കും.പനംകൂമ്പ്‌ മുളക്കാനാണു കാത്തിരിപ്പ്‌. അതും ഈ ഭൂമിയിലെ കായ്കനിയല്ല. ആകാശത്തെവിടെയോ മുളച്ചു പൊന്തുന്ന സസ്യത്തിന്റെ പൊടിപ്പാണത്‌.
ഇതൊക്കെ കുട്ടിക്കാലം കടന്നപ്പോളുള്ള നഷ്ടങ്ങളാണ്‌.
യൗവനത്തിന്റെ മധുരിമയില്‍ ഇവ മറഞ്ഞുകിടക്കും. പിന്നെ പതുക്കെ തെളിഞ്ഞുവരും. ആ കാലമാണിത്‌.
കന്യാവനങ്ങള്‍ വിളിക്കുകയാണ്‌. കാറ്റ്‌ മൂളുന്നു. മലമ്പുഴക്കുന്നുകളില്‍ മേഘങ്ങള്‍ തെന്നി നീങ്ങിമറയുന്നു.
ജീന്‍ പുള്‍.

9 comments:

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

കുളങ്ങള്‍ പോയകാലം തെളിമയോടെ കാട്ടിത്തരുന്ന നിലക്കണ്ണാടീകളാണു.
ചാരുതയാര്‍ന്ന കുറിപ്പു വായിച്ച സന്തോഷം അറിയിക്കുന്നു.
ബ്ലോഗുലകത്തില്‍ അര്‍ത്ഥവത്തായ രചനകകള്‍ ഉണ്ടാകടെ.

കുഞ്ഞന്‍ said...

സുഹൃത്തേ ...

അസ്സല്‍ കോണ്‍ക്രീറ്റ് കാടുകള്‍ വരും മരങ്ങള്‍ വരും,കുളങ്ങള്‍ വരും എന്തിനു മനസ്സില്ലാത്ത മനുഷ്യനും വരും, മനസ്സു നഷ്ടപ്പെട്ട മനുഷ്യര്‍ ഇപ്പോള്‍ത്തന്നെ പെറ്റുപെരുകിക്കൊണ്ടിരിക്കുകയാണ്... നമ്മള്‍ ഭാഗ്യവന്മാര്‍ കുറച്ചെങ്കിലും കുട്ടിക്കാലത്ത് കാണാനും അനുഭവിക്കാനും പറ്റിയില്ലേ...!

പെരിങ്ങോടന്‍ said...

കുളം എന്ന വാക്ക് ഇക്കോസിസ്റ്റം എന്ന വലിയ വാക്കിനെ എല്ലായ്‌പ്പോഴും ഓര്‍മ്മിപ്പിക്കുന്നു.

ആരോ ഒരാള്‍ said...

കാമ്പുള്ള എഴുത്ത്. ബ്ലോഗ് വായന പലപ്പോഴും സ്കിമ്മിങ്ങ് ആയിരുന്നു. പക്ഷേ ഇവീടെ അത് റീഡിങ്ങ് തന്നെ ആയി. സന്തോഷം.

കണ്ണൂരാന്‍ - KANNURAN said...

ബ്ലോഗില്‍ ഇത്തരം എഴുത്തുകള്‍ വിരളം. നന്നായിരിക്കുന്നു എഴുത്ത്.

ചിത്രകാരന്‍chithrakaran said...

നമുക്കജ്ഞാതമായ വിവരണങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നമ്മുടെ അപരിചിതത്വം കുറക്കാനായി സ്ഥ്ലലങ്ങളുടെ ഒരു താലവുമായി കുട്ടിക്കാല ഓര്‍മ്മകള്‍ നമ്മെ അനുഗമിക്കുന്നതായി ചിത്രകാരനും അനുഭവമുണ്ട്. ഒരു 30 വര്‍ഷം മുന്‍പത്തെ സ്ഥല ചിത്രങ്ങള്‍ ഒരു പുല്‍ക്കൊടിയോ,വേരോ,മണ്‍‌തിട്ടയോ രൂപമാറ്റമൊന്നും കൂടാതെ യഥാതഥമായി പുതിയ കഥയുടെ പശ്ചാത്തല്‍മായി വന്നു നില്‍ക്കുമ്പോള്‍ മനസ്സിനു ലഭിക്കുന്ന പരിചിത ശാന്തത ഒരു ഭാഗ്യം തന്നെ.
നാട്ടിലെ കുളക്കരയില്‍ സഹദേവേട്ടന്‍ അനുഭവിച്ച വേരോടിയ മണ്ണിനോടുള്ള ഹൃദയ ബന്ധം നല്ല അനുഭവങ്ങളുണര്‍ത്തി.
നന്ദി.

വെള്ളെഴുത്ത് said...

കെട്ടിക്കിടക്കുന്ന വെള്ളത്തിന് ഒഴുകുന്ന പുഴയുടെ സൌന്ദര്യമില്ല. മാത്രമല്ല എല്ലാവരും കുളിക്കുകയും തുണിയലക്കുകയും ചെയ്യുന്ന കുളത്തിലെ അഴുക്കുകള്‍ എവിടെ പോകുന്നു എന്നായിരുന്നു കുട്ടിക്കാലത്തെ ചോദ്യം..അതുകൊണ്ട് കുളത്തില്‍ പാവങ്ങളുമാത്രം കുളിച്ചു തോര്‍ത്തി.. ഇപ്പോള്‍ ഒരു കുളം കണ്ടെങ്കില്‍ നന്നായിരുന്നു എന്നു തോന്നാറുണ്ട്. പക്ഷേ ഇവിടെ കുളം നന്നായിരിക്കുന്നു. കുളിക്കാനും തോന്നുന്നു..അല്ല കുളിച്ച പ്രതീതി!

Prasanth Kalathil | പ്രശാന്ത് കളത്തില്‍ said...

നന്നായിരിക്കുന്നു സുഹൃത്തെ...

കുളത്തിനെപ്പറ്റി ഹനീഷിന്റെ കവിത ഇവിടെ ഉണ്ട്.

latheesh mohan said...

കാണാതായ കഥകള്‍ പോലെ, കാണാതായ കുളങ്ങള്‍

ഇവിടെ കണ്ടതില്‍ സന്തോഷം