Tuesday, December 11, 2007

യാത്ര

എല്ലാ നല്ല സഹയാത്രികര്‍ക്കും
എ.സഹദേവന്‍

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ കാറിനെപ്പറ്റി ഒരു ഉപന്യാസമെഴുതി.
1963 ആണ്‌ വര്‍ഷം.
അന്നു നിരത്തില്‍ കണ്ട കാറുകള്‍ അംബാസഡറും, ലാന്‍ഡ്‌മാസ്റ്ററും സ്റ്റാന്‍ഡാര്‍ഡ്‌ ഹെറാള്‍ഡും സ്റ്റാന്‍ഡര്‍ഡ്‌ 10-ഉം അതിനും മുന്‍പ്‌ ഇറങ്ങിയ ഓസ്റ്റിന്‍, മോറിസ്‌ മൈനര്‍, പിന്നെ സ്റ്റുഡിബേക്കര്‍, ഷെവെര്‍ലെ എന്നിവയും. ഹ! 44 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഓര്‍മ്മിച്ചെടുക്കുമ്പോള്‍ അത്ര കാറുകള്‍ അന്നു ഉണ്ടായിരുന്നു!
കാറിനെപ്പറ്റിയായിരുന്നില്ല മലയാളം മാഷ്‌ എഴുതാന്‍ ആവശ്യപ്പെട്ടത്‌. "നിങ്ങള്‍ ആരാകാന്‍ ആഗ്രഹിക്കുന്നു" എന്ന മഹത്തായ ചോദ്യത്തിന്‌ ഞാന്‍ ഉത്തരം എഴുതിത്തുടങ്ങിയപ്പോള്‍ അതു കാറിനെപ്പറ്റിയായി. മുപ്പതിനടുത്ത്‌ ഉപന്യാസങ്ങളില്‍ നിന്നു ചിലത്‌ തെരഞ്ഞെടുത്ത്‌ മാഷ ഓരോന്നായി വായിക്കാന്‍ തുടങ്ങി. അതിലൊന്ന്‌ എന്റെ ആയിരുന്നു. മാഷ്‌ ചോദിച്ചു: " നീ ഊട്ടിയില്‍ പോയിട്ടുണ്ടോ?"
"ഇല്ല". സ്വാഭാവികമായും ഇത്തരം സന്ദര്‍ഭങ്ങളില്‍ ചോദ്യം ചെയ്യപ്പെടുന്ന കുട്ടി എഴുന്നേറ്റുനില്‍ക്കും, മറ്റു കുട്ടികള്‍ ചിരി തുടങ്ങും. മാഷ്‌ അടുത്ത ചോദ്യം ചോദിച്ചു. നിന്റെ വീട്ടില്‍ കാറുണ്ടോ?"
"ഇല്ല". മാഷെങ്ങോട്ടാണ്‌ പോകുന്നതു എന്നറിയുന്നില്ല.
നീ ഏതെങ്കിലും കാറില്‍ കയറിയിട്ടുണ്ടോ?". കയറാത്തതു കൊണ്ട്‌ അതിനും ഉത്തരമില്ലായിരുന്നു. കുട്ടികളെല്ലാം എന്നെ കാരുണ്യത്തോടെ നോക്കി. ആ നിമിഷം മാഷ്‌ തോളില്‍ തട്ടി ഇരിക്കാന്‍ പറഞ്ഞു. അതു നല്ല ഉപന്യാസമാണ്‌ എന്നും പറഞ്ഞു. ഓരോ രാജ്യങ്ങളും കാണാനുള്ള ആഗ്രഹം കൊണ്ട്‌ ഒരു കാര്‍ ഡ്രൈവര്‍ ആവാനുള്ള ദീര്‍ഘവീക്ഷണമെ അന്നുണ്ടായുള്ളൂ. മാസ്റ്റര്‍ വായിക്കാന്‍ എടുത്ത മറ്റ്‌ ഉപന്യാസങ്ങളില്‍ ഒന്നു കല്‍പ്പാത്തിക്കാരനായ രഘുവിന്റേതാണ്‌. ഒരു ക്രിക്കറ്റ്‌ കളിക്കാരന്‍ ആവണമെന്നാണ്‌ രഘു എഴുതിയത്‌. കല്‍പ്പാത്തിയില്‍ നിന്നു ഒരു രഘു ഇതുവരെ സംസ്ഥാന ടീമില്‍പ്പോലും വന്നു കണ്ടില്ല. ആ രഘു ആരായി മാറിയോ ആവോ! ഞാനാവട്ടെ ആദ്യം അധ്യാപകനായും പിന്നെ പത്രപ്രവര്‍ത്തകനായും മാറി. രാജ്യങ്ങള്‍ കാണാനുള്ള ആഗ്രഹം നടന്നില്ല. ഇന്നും ഞാന്‍ ഒരു പാസ്പോര്‍ട്ട്‌ എടുത്തിട്ടില്ല. ഇന്ത്യയിലേതാണ്ട്‌ എല്ലാ ഇടവും സഞ്ചരിച്ചു എന്നു മാത്രം.കാര്‍ ഓടിക്കാന്‍ പഠിച്ചതു പിന്നേയും എത്രയോ വൈകിയാണ്‌.
നമ്മുടെ യാത്രയെ ആനന്ദപ്രദമാക്കി മാറ്റുന്നതും കല്ലുകടിയാക്കി തീര്‍ക്കുന്നതും സഹയാത്രികരാണ്‌ എന്നാണ്‌ എനിക്കു തോന്നുന്നത്‌. പ്രത്യേകിച്ച്‌ നിങ്ങളോടിക്കുന്ന കാറില്‍ മുന്‍സീറ്റില്‍ ഇരിക്കുന്ന ആള്‍. കയറുന്ന നിമിഷം മുതല്‍ കാറിന്റെ കുഴപ്പങ്ങളും ഓടിക്കുന്നതിലെ കുറവുകളും എണ്ണിയെണ്ണിപ്പറഞ്ഞ്‌ നമ്മളെ ഒന്നിനും കൊള്ളരുതാത്തവനാക്കാന്‍ വെസ്റ്റ്‌ ഹില്ലില്‍ നിന്ന്‌ മാനഞ്ചിറ സ്ക്വയറിലെത്തുമ്പോഴേക്കും ചിലര്‍ക്കു കഴിയും. അത്‌ ആസ്വദിക്കുന്നതാണ്‌ നല്ലത്‌.
പക്ഷെ എനിക്കു സന്തോഷം നല്‍കിയ സഹയാത്രികരെപ്പറ്റി ആലോചിച്ചാല്‍ മതിയല്ലോ. നിരവധി എഴുത്തുകാരും ചലച്ചിത്രപ്രവര്‍ത്തകരും സഞ്ചരിച്ച കാറായിരുന്നു എന്റെ ആദ്യത്തെ കാര്‍. എഴുത്തുകാരന്‍ സക്കറിയ 'കെ.സി.നാരായണനും സഹദേവനും കാറോടിക്കാമെങ്കില്‍ ഈ ഭൂമിയില്‍ ചെയ്യാന്‍ വയ്യാത്ത വല്ല സംഗതിയുമുണ്ടോ" എന്നു പറഞ്ഞാണ്‌` മുന്‍സീറ്റില്‍ ഇരുന്നത്‌. ജയചന്ദ്രന്‍ അനുസ്മരണപ്രഭാഷണത്തിനു കോഴിക്കോട്ടു വന്നതായിരുന്നു സക്കറിയ. ശശികുമാര്‍ (ഏഷ്യാനെറ്റ്‌) അതുപോലെ ഒരു സന്ദര്‍ഭത്തിലാണ്‌ എന്റെ കാറിലെ യാത്രക്കാരനായത്‌. വളരെ സൗമ്യനായി അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. നല്ല സഹയാത്രികനായിരുന്നു ശശികുമാര്‍. മണ്‍സൂണിലെ ഒരു സായാഹ്നത്തിലാണ്‌ കോഴിക്കോട്‌ കടലോരത്തിലൂടെ അടൂര്‍ ഗോപാലകൃഷ്ണനെ മുന്നിലിരുത്തി യാത്ര ചെയ്തത്‌. രസകരമായ മഴയായിരുന്നു അപ്പോള്‍. അന്നദ്ദേഹം താന്‍ ചിത്രീകരിക്കാന്‍ പോകുന്ന നിഴല്‍ക്കുത്തിനെപ്പറ്റി ചില സൂചനകള്‍ തന്നു. കൂടെ ചെലവൂര്‍ വേണുവുമുണ്ടായിരുന്നു. എം.ടി.യേയും എനിക്കൊരിക്കല്‍ മുന്‍സീറ്റ്‌ യാത്രക്കാരനായി കിട്ടി. പതിവുപോലെ നിശബ്ദനായി അദ്ദേഹം ഇരുന്നു. ഒരിക്കല്‍ ഒരു മഹാകവി പിന്‍സീറ്റില്‍ കയറി നിറഞ്ഞിരുന്നു- തെലുങ്കു വിപ്ലവകവി ഗദ്ദാര്‍. കോഴിക്കോട്‌ ടൗണ്‍ഹാളില്‍ ഇടി മുഴങ്ങുന്ന ശബ്ദത്തില്‍ കവിത ചൊല്ലി ഇളക്കി മറിച്ച അദ്ദേഹം കാറില്‍ നിശബ്ദനായിരുന്നു. ഒരു അന്യഭാഷാകവിയോട്‌ ആ ഭാഷയില്‍ ഔപചാരികത പറയുന്നത്‌ ഭാഷയോട്‌ കൂടിയുള്ള അനാദരവായിരിക്കും,അപഹാസ്യവും.അതുകൊണ്ട്‌ ഞങ്ങളും നിശബ്ദരായിരുന്നു.
മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്ന മറ്റൊരു വിഭാഗത്തെ ക്കുറിച്ച്‌ ഒട്ടും എനിക്കു മതിപ്പില്ല. കയറിക്കഴിഞ്ഞാല്‍ ഉറങ്ങുന്നവര്‍.പക്ഷെ ഇവര്‍ നമ്മളെ വിശ്വസിച്ചാണല്ലൊ ഉറങ്ങുന്നത്‌ എന്ന് ആലോചിക്കുമ്പോള്‍ സന്തോഷം തോന്നും.
യാത്രകള്‍ തൊണ്ണൂറ്‌ ശതമാനം പ്രതീക്ഷകളും പത്ത്‌ ശതമാനം ഓര്‍മ്മിച്ചെടുക്കലുമാണെന്നു ഒരെഴുത്തുകാരന്‍ പറയുന്നു. 'യാത്രയില്‍ താഴ്‌വരയില്‍ നിന്ന് ഒരാള്‍ വലിയ കാഴ്ചകള്‍ കാണുന്നു, ഉച്ചിയില്‍ നിന്നാകട്ടെ ചെറിയ കാര്യങ്ങളും' എന്നാണ്‌ ജി.കെ.ചെസ്റ്റര്‍ട്ടണ്‍ എഴുതിയത്‌. യാത്ര എപ്പോഴും ഒരു സമ്മാനമാണെന്ന്‌ താവൊ ചൊല്ല്‌ പറയുന്നു. കാക്കകള്‍ എന്നും കറുത്ത്‌ തന്നെ തിരിച്ചെത്തുന്നു എന്നു ഒരു ചൈനാപഴമൊഴിയുണ്ട്‌. നിഷ്ഫലമായി യാത്ര ചെയ്യുന്നവരെപ്പറ്റിയാണത്‌!
വാഹനം, വേഗം, യാത്ര എന്നിവ മൂന്നും നമ്മുടെ വ്യക്തിത്വത്തെ പുനര്‍നവം ചെയ്യുന്നു എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. ജീവിതത്തില്‍ ഇല്ലാതായത്‌ പലതും തിരിച്ചെടുക്കാനവുന്നത്‌ വേഗം കൈവരുമ്പോഴാണ്‌.അതിനുള്ള ഉപാധിയാണ്‌ വാഹനം.
വാഹനത്തെ നമുക്കൊരു രണ്ടാം വീടായും കണക്കാക്കാം. അതിന്റെ മുന്നറ സ്വീകരണമുറിയാണെങ്കില്‍, പിന്നറ അലപ്പം കൂടി സ്വകാര്യതയുള്ള അകത്തളമാണ്‌. ഒരു സമൂഹ്യപ്രവര്‍ത്തകനെ പോലെ ആയിരുന്നു ആദ്യത്തെ മാരുതി 800 ഡീലക്സ്‌. സാഹിത്യസമ്മേളനങ്ങള്‍, സഹപ്രവര്‍ത്തകരുമൊത്തുള്ള ദീര്‍ഘയാത്രകള്‍...പിന്നെ ജോലിയും നഗരവും മാറിയപ്പോള്‍ കാറും മാറി. ഇപ്പോഴത്തെ കാര്‍ ഒട്ടും സാമൂഹ്യജീവിയായില്ല. അതിഥികള്‍ ഒട്ടും വരാത്ത ഒരു വീട്‌ പോലെയാണത്‌.
കാറുകളെപ്പറ്റിയും യാത്രകളെപ്പറ്റിയും വായിച്ചവയില്‍ എന്നെ വിസ്മയിപ്പിച്ച ഏതാനും പുസ്തകങ്ങള്‍ ഓര്‍മ്മിക്കുകയാണ്‌. സ്വന്തം വാഹനം സ്വയം ഓടിച്ച്‌ അതിര്‍ത്തികള്‍ താണ്ടി വിവിധ രാജ്യങ്ങള്‍ കണ്ട്‌ ജനസമൂഹങ്ങളെ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക്‌ വായിച്ച്‌ രസിക്കാന്‍ എനിക്കു നിര്‍ദ്ദേശിക്കാനുള്ളത്‌ ജോര്‍ജ്ജ്‌ മൈക്‍സിന്റെ പുസ്തകങ്ങളാണ്‌.ഓരോ ജനസമൂഹവും അവരുടെ നഗരവീഥികളില്‍ ഗതാഗതശീലങ്ങള്‍ കാണിക്കുന്നത്‌ മൈക്സ്‌ പുസ്തകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.ഉദാഹരണം Uber Allies. ഹെഡ്‌ലൈറ്റുകളിലൊന്ന്‌ പ്രകാശിക്കാതിരുന്ന നേരം ജര്‍മ്മനിയിലെ നഗരപാതയില്‍ പൊലിസുകാരന്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോളുണ്ടായ നിര്‍മ്മാണപ്പിഴവിനെപ്പറ്റിയുള്ള തര്‍ക്കം കാര്‍ ഡിസൈനിങ്ങിനെപറ്റി രണ്ട്‌ രാജ്യങ്ങള്‍ക്കുള്ള സങ്കല്‍പ്പങ്ങള്‍ വ്യക്തമാക്കി.പക്ഷെ വിനോദസഞ്ചാരികളോട്‌ അനുഭാവത്തോടെ പെരുമാറണമെന്ന നിര്‍ദ്ദേശം ഓര്‍മ്മിച്ച്‌ പൊലീസുകാരന്‍ മൈക്‍സിനെ പോകാന്‍ അനുവദിച്ചപ്പോള്‍ അതു ഒരു സംസ്കാരത്തിന്റെ പ്രകടനവുമായി. അദ്ദേഹത്തിന്റെ പുസ്തകം വായിച്ചതു ഇരുപത്‌ വര്‍ഷം മുന്‍പാണ്‌. അന്നു ഞാന്‍ സ്ഥിരമായി കാറോടിച്ചിരുന്നില്ല. ഇന്നും പക്ഷെ അദ്ദേഹത്തിന്റെ മറ്റ്‌ പുസ്തകങ്ങള്‍ ഞാന്‍ തേടിക്കൊണ്ടിരിക്കുന്നു.
ഒരു പുസ്തകം കൂടി- ഫോര്‍ഡ്‌ കമ്പനിയില്‍ നിന്ന്‌ മുതലാളിയുമായി തെറ്റി എതിരാളിയായ ക്രിസ്‌ലറില്‍ മേധാവിയായി ജോലിയില്‍ പ്രവേശിച്ച ലീ അയക്കോക്കയുടെ ആത്മകഥ. അത്‌ വായിക്കുന്നവരുടെ സഹൃദയത്വമനുസരിച്ച്‌ ആ പുസ്തകത്തിന്റെ സ്വഭാവം മാറും. കാര്‍ നിര്‍മ്മാണത്തെപറ്റിയും മാനേജുമെന്റിനെപറ്റിയും ഇത്ര രസിച്ച്‌ വായിക്കാവുന്ന മറ്റൊരു പുസ്തകമുണ്ടാവില്ല.
ഇത്രയും കാലം കാര്‍ ഓടിച്ച ശേഷം തോന്നുന്ന ഒരൊറ്റ കാര്യം പറയട്ടെ.ഒരു അപകടത്തിന്റെ മുന്നില്‍ നിങ്ങള്‍ ഹീറൊ അകുന്ന നിമിഷവും, വണ്ടി ഓടിക്കാന്‍ അറിയാത്ത ആളാണെന്ന്‌ നാലാളെക്കൊണ്ട്‌ പറയിപ്പിക്കാന്‍ എടുക്കുന്ന നിമിഷവും തമ്മില്‍ വേര്‍തിരിക്കാന്‍ ഒരു ബ്രേക്ക്‌ മതി. ശ്രദ്ധ മതി. കുറ്റം നിങ്ങളുടേതല്ല മറ്റാളുടേതാണെന്നു വരികില്‍പ്പോലും!
തെറ്റു വരുത്തിയ ആളെ നോക്കി ഒന്നു പുഞ്ചിരിക്കാന്‍ കൂടി ഓര്‍മ്മിച്ചാല്‍ കേമമായി. മറ്റേയാള്‍ അന്നു ഉറങ്ങില്ല, തെറ്റ്‌ കാണിക്കുന്ന ആള്‍ക്ക്‌ ജാള്യത തോന്നും എന്ന്‌ നമുക്കു തന്നെ നല്ല നിശ്ചയമുള്ള കാര്യമല്ലേ?

For those who are interested in
BOOKS BY GEORGE MIKES
TRAVEL
· How to Scrape Skies: The U.S.A Explored, Rediscovered and Explained (1948)
· Milk and Honey: Israel Explored (1950)
· Italy for Beginners (1956)
· Uber Alles: Germany Explored (1953)
· Eureka!: Rummaging in Greece (1965)
· How to Tango: A Solo Across South America (1961)
· How to Be Inimitable: Coming of Age in England (1960)
· Switzerland for Beginners (1962)
· Boomerang: Australia Rediscovered (1968)
· The Prophet Motive: Israel Today and Tomorrow (1969)
· The Land of the Rising Yen: Japan (1970)
· Any Souvenirs?: Central Europe Revisited (1971)
OTHER
· Wisdom for Others (1950)
· How to Be an Alien: A Handbook for Beginners and More Advanced Pupils (1946)
· Shakespeare and Myself (1952)
· How to Unite Nations (1963)
· Germany Laughs at Herself: German Cartoons Since 1848 (1965)
· How to Be Affluent (1966)
· Mortal Passion (1976)
· Humour in Memoriam (1970)
· The Spy who Died of Boredom (1973)
· How to Be Decadent (1977)
· Tsi-Tsa: The Biography of a Cat (1978)
· English Humour for Beginners (1980)
· How to Be Seventy: An Autobiography (1982)
· How to Be Poor (1983)
· How to Be a Guru (1984)
· How to Be God (1986)
· The Riches of the Poor: Who's WHO (1987) We Were There to Escape - the true story of a Jugoslav officer (1945) A Study in Infamy - The operations of the Hungarian Secret Police (AVO) (1959) Arthur Koestler; the story of a friendship (1983)

And by /about Lee Iokoka

1. Iacocca, Lee (2007). Where Have All the Leaders Gone. Scribner. ISBN 1416532471.
Vlasic, Bill and Bradley A. Stertz (2000).
2. Taken for a Ride: How Daimler-Benz Drove off with Chrysler. William Morrow & Company. ISBN 0688173055.
3. Iacocca, Lee and William Novak (1986 reissue). Iacocca: An Autobiography. Bantam. ISBN 978-0553251470

6 comments:

a.sahadevan said...

വാഹനം, വേഗം, യാത്ര എന്നിവ മൂന്നും നമ്മുടെ വ്യക്തിത്വത്തെ പുനര്‍നവം ചെയ്യുന്നു എന്നാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. ജീവിതത്തില്‍ ഇല്ലാതായത്‌ പലതും തിരിച്ചെടുക്കാനവുന്നത്‌ വേഗം കൈവരുമ്പോഴാണ്‌.അതിനുള്ള ഉപാധിയാണ്‌ വാഹനം.
-----
ഒരു അപകടത്തിന്റെ മുന്നില്‍ നിങ്ങള്‍ ഹീറൊ അകുന്ന നിമിഷവും, വണ്ടി ഓടിക്കാന്‍ അറിയാത്ത ആളാണെന്ന്‌ നാലാളെക്കൊണ്ട്‌ പറയിപ്പിക്കാന്‍ എടുക്കുന്ന നിമിഷവും തമ്മില്‍ വേര്‍തിരിക്കാന്‍ ഒരു ബ്രേക്ക്‌ മതി. ശ്രദ്ധ മതി. കുറ്റം നിങ്ങളുടേതല്ല മറ്റാളുടേതാണെന്നു വരികില്‍പ്പോലും

കണ്ണൂരാന്‍ - KANNURAN said...

നല്ലൊരു പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി, ഒപ്പം നല്ലൊരു പോസ്റ്റിനും..

വേണു venu said...

നല്ല സരസമായി എഴുതിയിരിക്കുന്നു.കൊച്ചു കൊച്ചു ചിന്തകളില്‍ഊടെയുള്ള വിവരണങ്ങള്‍‍ ഇഷ്ടപ്പെട്ടു.:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിവരണനങ്ങള്‍ നന്നായി.

ഇത്ര നല്ല വ്യക്തിത്വങ്ങളോടൊപ്പം യാത്ര ചെയ്യാന്‍ കഴിഞ്ഞ താങ്കള്‍ ഭാഗ്യവാന്‍ തന്നെ.

അഭിനന്ദനങ്ങള്‍

ഭൂമിപുത്രി said...

യാത്രകളുടെ തത്വശാസ്ത്രം ഇത്രയും ലളിതമായി വിവരിച്ചുതന്നതിനു നന്ദി സര്‍.
‘How often do you let other people's nonsense change your mood?’എന്നൊരു ഇമെയില്‍ കഴിഞ്ഞദിവസം കിട്ടി-The Law of the Garbage Truck!
മറ്റുള്ളവര്‍പേറിനടക്കുന്ന മാലീന്യങ്ങള്‍ നമ്മളെന്തിനു ഏറ്റുവാങ്ങണം എന്നചോദ്യം വീണ്ടുമോര്‍ത്തു,ഇതുവായിച്ചുതീര്‍ത്തപ്പോള്‍.

പി.സി. പ്രദീപ്‌ said...

സഹദേവന്‍ സാറേ,
ഞാനും വളരെ അധികം ഡ്രൈവ് ചെയ്യുന്ന ആളാണ്‍.
താങ്കള്‍ വളരെ ലളിതമായി കര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.