Thursday, December 13, 2007

ലാപ്പിയര്‍ പറഞ്ഞതു

വൈകുന്നേരം 5 മണി,
വ്യാഴം, ഡിസംബര്‍ 13, 2007,
കൊച്ചി


ഇന്നു പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡൊമിനിക്ക്‌ ലാപ്പിയര്‍ കൊച്ചിയില്‍ എത്തിയിരുന്നു.
അസ്സലൊരു പ്രഭാഷണവും നടത്തി.
കേള്‍ക്കാന്‍ സുഖമുള്ളത്‌. വായിക്കാന്‍ ഇമ്പമുള്ളതുപോലെ തന്നെ.
പക്ഷേ വായിക്കാന്‍ വേണ്ടിയും കേള്‍ക്കാന്‍ വേണ്ടിയും ഉള്ള വാക്കുകള്‍ അയിരുന്നു അവ.
ഫ്രീഡം അറ്റ്‌ മിഡ്‌നൈറ്റ്‌, ഓ ജറുസലേം, സിറ്റി ഓഫ്‌ ജോയ്‌, ഫൈവ്‌ പാസ്റ്റ്‌ മിഡ്‌നൈറ്റ്‌ ഇന്‍ ഭോപ്പാല്‍, ഈസ്‌ പാരിസ്‌ ബര്‍ണിംഗ്‌?, എ തൗസന്‍ഡ്‌ സണ്‍സ്‌ എന്നിവ കഴിഞ്ഞു, വണ്‍സ്‌ അപ്പോണ്‍ ഏ ടൈം ഇന്‍ സോവിയറ്റ്‌ റഷ്യ എന്ന പുസ്തകം കേരളത്തിലെത്തിയിരിക്കയാണ്‌. അതേപ്പറ്റിയായിരുനു ലാപ്പിയര്‍ കൂടുതലും സംസാരിച്ചത്‌.
ലാപ്പിയര്‍ റഷ്യയില്‍ സ്വന്തം കാറോടിച്ചാണത്രെ പോയതു. കാറു കാണാന്‍ സ്ത്രീകളടക്കം ജനങ്ങള്‍ തടിച്ചുകൂടിയ കാര്യങ്ങള്‍ വര്‍ണ്ണിച്ച്‌ തന്റെ റഷ്യന്‍ അനുഭവത്തെ വളരെ ലളിതവല്‍ക്കരിച്ചു കൊണ്ടാണ്‌ ലാപ്പിയര്‍ പ്രസംഗിച്ചത്‌. 50 വര്‍ഷങ്ങള്‍ക്കു ശേഷം ഇതൊരു ചരിത്രമായി എന്ന് തന്റെ പുസ്തകത്തെ ചൂണ്ടി അദ്ദേഹം പറയുകയുണ്ടായി.
എനിക്കതു ചോദ്യം ചെയ്യേണ്ടിവന്നു.
ചോദ്യോത്തരവേളയില്‍ ഞാന്‍ പറഞ്ഞു: ഈ പുസ്തകം ചരിത്രമാണെന്നു താങ്കള്‍ പറയുന്നു.പത്രപ്രവര്‍ത്തകര്‍ എഴുതുന്നതു ചരിത്രമാണെന്ന്‌ സമ്മതിക്കാം. പക്ഷേ അതു ധൃതിയില്‍ എഴുതുന്ന ചരിത്രമാണ്‌. മുഴുവന്‍ വസ്തുതകളും അതിലുണ്ടാവണമെന്നില്ല. ഞാനുദ്ദേശിച്ചതു അതു ഒരു യാത്രാവിവരണം മാത്രമല്ലേ എന്നാണ്‌. തന്റെ വിശ്വാസ്യതയെ ഞാന്‍ ചോദ്യം ചെയ്തതായി അദ്ദേഹം സംശയിച്ചതായി തോന്നുന്നു. അതു അദ്ദേഹത്തിന്റെ മറുപടിയില്‍ വ്യക്തമായിരുന്നു.
ഞാന്‍ മറ്റൊന്നു കൂടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗം കേട്ടുകൊണ്ടിരിക്കെ എനിക്കു ഓര്‍മ്മ വന്നതു ഇയാന്‍ ഫ്ലെമിംഗ്‌ റഷ്യയുടെ പശ്ചാത്തലത്തില്‍ എഴുതിയ ജെയിംസ്‌ ബോണ്ട്‌ നോവലിലെ ഒരു വരിയാണ്‌. റഷ്യയില്‍ കാര്‍ എന്നാല്‍ ഗവര്‍മ്മെണ്ട്‌ ഉദ്യോഗസ്ഥരെന്നാണര്‍ഥം. ഉദ്യോഗസ്ഥരെന്നാല്‍ അപകടം എന്നും.

യൂറോപ്പ്യന്‍ എഴുത്തുകാര്‍ യാത്രാവിവരണമായാലും ചരിത്രമായാലും എഴുതുന്നതു ചിലപ്പോള്‍ വിശ്വസിക്കാന്‍ പാടുപെട്ടിട്ടുണ്ട്‌ എന്നു ഞാന്‍ പറഞ്ഞു. സ്റ്റാലിനെ ഇഷ്ടമില്ലാത്ത എനിക്കു ആ വെറുപ്പു പ്രകടിപ്പിക്കാന്‍ അതിശയോക്തി നിറഞ്ഞ കഥകളുടെ കൂട്ട്‌ പിടിക്കേണ്ടി വന്നിട്ടില്ല എന്നു ഞാന്‍ എന്നെ ഓര്‍മ്മിപ്പിച്ചു.
മാത്രമല്ല ചിലപ്പോള്‍ നമ്മുടെ നാട്ടിലെ ഭരണകൂടങ്ങളുടെ സ്ഥിതി വ്യത്യസ്ഥമാണോ?
റഷ്യയില്‍ നിന്നു പുറത്താക്കപ്പെട്ട സംവിധായകന്‍ തര്‍കോവ്‌സ്‌കിയെ സ്വീകരിക്കുന്നത്‌ രാജ്യ രാഷ്ട്രീയ അതിര്‍ത്തികള്‍ വകവെക്കാതെ, 'സാക്രിഫൈസും', 'സൊളാനസ്സും' കണ്ട്‌ ഇഷ്ടപ്പെട്ടാണ്‌. കമ്മ്യുണിസ്റ്റ്‌ റഷ്യയില്‍ നിന്നു പുറത്തു പോയതുകൊണ്ടല്ല. അങ്ങിനെയാണെങ്കില്‍ സോള്‍സെനിത്‌സെന്നിനെ ഇഷ്ടപ്പെടേണ്ടിവരുമല്ലോ! റഷ്യയില്‍ നിന്നു പുറത്തുപോയ ആ എഴുത്തുകാരന്‍ മനസ്സില്‍പ്പോലുമില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ആകര്‍ഷിക്കുന്നതു പോലുമില്ല.

ഒരു മണിക്കൂര്‍ ആണ്‌ ലാപ്പിയര്‍ എറണാകുളത്ത്‌ ചെലവഴിച്ചതു.
പക്ഷേ യോജിച്ചും വിയോജിച്ചും കടന്നു പോയ ഒരു സായാഹ്നമായിരുന്നു ഇന്നു.

1 comments:

a.sahadevan said...

പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡൊമിനിക്ക്‌ ലാപ്പിയര്‍ കൊച്ചിയില്‍ എത്തിയപ്പോള്‍
----
പത്രപ്രവര്‍ത്തകര്‍ എഴുതുന്നതു ചരിത്രമാണെന്ന്‌ സമ്മതിക്കാം. പക്ഷേ അതു ധൃതിയില്‍ എഴുതുന്ന ചരിത്രമാണ്‌. മുഴുവന്‍ വസ്തുതകളും അതിലുണ്ടാവണമെന്നില്ല.