വര്‍ത്തമാനം പറച്ചില്‍ ഒരുതരത്തില്‍ ആശയാവിഷ്കാരമാണല്ലൊ.
നാട്ടില്‍ വല്ല വര്‍ത്തമാനവും ഉണ്ടാകുക, അതേക്കുറിച്ച് രണ്ട് വര്‍ത്തമാനം സ്വന്തമായി പറയാനുണ്ടാകുക, അത് കേള്‍ക്കാന്‍ നാലാളുണ്ടാകുക. എതിരഭിപ്രായം പ്രകടിപ്പിക്കുക, രസിക്കുക- സമൂഹത്തിന്റെ ആലോചനാതരംഗങ്ങള്‍ അങ്ങിനെയാണുണ്ടാകുന്നതു.
"വര്‍ത്തമാനം തന്നെയാണ് സംസ്കാരം" എന്നു തോമസ് മാന്‍ അഭിപ്രായപ്പെട്ടത് ഇതുകൊണ്ടാകണം.
നന്നായി വര്‍ത്തമാനം പറയുന്നവരെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്? സംഭാഷണചാതുര്യം കൊണ്ട് മാത്രം ചില സുഹൃദ്ബന്ധങ്ങള്‍ നിരവധി വര്‍ഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ചിലരുടെ വര്‍ത്തമാനം അസഹ്യമായതുകൊണ്ട് എത്രയോ പേര്‍ അകന്നു പോകാറുമുണ്ട്.
"ലോകത്തു പാതിയും ജനങ്ങള്‍ എന്തെങ്കിലും കാര്യങ്ങള്‍ പറയാന്‍ മനസ്സിലുണ്ടായിട്ട് പറയാന്‍ കഴിയാതിരിക്കുന്നവരാണ്. ബാക്കി പാതിയോ ഒന്നും പറയാനില്ലെങ്കിലും വെറുതെ കലപില കൂട്ടി കോലാഹലം കാണിച്ചുകൊണ്ടിരിക്കുന്നവരും" എന്നു റോബര്‍ട്ട് ഫ്രോസ്റ്റ് വര്‍ത്തമാനം പറച്ചിലുകാരെ രണ്ടായി തരം തിരിച്ചു കാണുന്നു. ഇവരില്‍ രണ്ടാമത്തെ കൂട്ടരെക്കുറിച്ചു ഒരുപാട് പേര്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കാര്യവും കഴമ്പുമില്ലാതെ വര്‍ത്തമാനം പായുന്നത് മാനസികമായ വൈകല്യമാണ് എന്നും മറ്റുള്ളവരുടെ (കേള്‍ക്കുന്നവരുടെ) മനസ്സിലൂടെ കടന്നു പോകുന്ന കാര്യങ്ങള്‍ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് അവരിങ്ങനെ പറഞ്ഞുകൊണ്ടിരുക്കുന്നത് എന്നും ഒക്കെ ആണ് ആ സുചിന്തിതമായ അഭിപ്രായങ്ങള്‍.
പക്ഷെ കാര്യങ്ങള്‍ അറിയുകയും അതു നന്നായി പറയുകയും ചെയ്യുന്നവര്‍ ഇല്ല എന്ന തീരുമാനത്തില്‍ ഫ്രോസ്റ്റ് എങ്ങിനെ എത്തി എന്നു അറിയുന്നില്ല. അതേതായാലും ഇപ്പോള്‍ നമ്മുടെ വിഷയമല്ല.
കാമ്പുള്ള കാര്യങ്ങള്‍ പറയാനുണ്ടാകുകയും അതു നന്നായി പറയാനറിയുകയും ചെയ്യുമ്പോള്‍ മികച്ച വര്‍ത്തമാനംപറച്ചിലുണ്ടാകുന്നു.
പ്രഭാഷണങ്ങള്‍ ഉണ്ടാകുന്നു,
പ്രസംഗങ്ങളുണ്ടാകുന്നു.
സംഭാഷണങ്ങളുണ്ടാകുന്നു.
പത്രപ്രസിദ്ധീകരണങ്ങളും ടെലിവിഷന്‍ ചാനലുകളും ആണ് വര്‍ത്തമാന കാലഘട്ടത്തിലെ സംഭാഷണങ്ങളുടെ മദ്ധ്യവര്‍ത്തികള്‍. നല്ല വായാനാനുഭവമായി മാറിയ അഭിമുഖ സംഭാഷണങ്ങളും കണ്ടിരുന്നു പോയ ടിവി സംഭാഷണങ്ങളും മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. വര്‍ത്തമാനം പറയുന്നവരും ചോദ്യം ചോദിക്കുന്നവരും ഒരുപോലെ രസിപ്പിക്കുമ്പോള്‍ ഉണ്ടാവുന്നതാണത്
പറയാനറിയാവുന്നവരെക്കൊണ്ട് കാര്യങ്ങള്‍ ഇടതടവില്ലാതെ പറയിപ്പിക്കാന്‍ കഴിയുന്നതു ഒരു സിദ്ധിയാണ്. രസകരമായ കാര്യങ്ങള്‍ പറയിപ്പിക്കാന്‍ ഒന്നു തൊട്ടുകൊടുത്താല്‍ മതിയാകും.
പ്രസക്തമായ ചോദ്യങ്ങള്‍ മാത്രം ചോദിച്ചാല്‍ മതിയാകും.
ശരിയായ ചോദ്യങ്ങള്‍ ചോദിക്കാതിരുന്നതുകൊണ്ട് ഒരു റിപ്പോര്‍ട്ട് ഒട്ടുമുക്കാലും ഉപേക്ഷിച്ചു പോയ ഒരു മാധ്യമപ്രവര്‍ത്തകന്‍ (റോബര്‍ട്ട് സീയ്ഗല്‍, നാഷണല്‍ പബ്ലിക് റേഡിയൊ, വാഷിങ്ങ്‌ടണ്‍) എഴുതിയത് ഈയിടെ വായിച്ചു. റോമില്‍ വെച്ച് ഒരു തുര്‍ക്കി പൗരന്‍ മാര്‍പ്പാപ്പയെ വെടിവെച്ച പരിക്കേല്‍പ്പിച്ച സമയം. തുര്‍ക്കി നയതന്ത്രപ്രതിനിധിയോട് സീയ്ഗലിന്റെ ആദ്യ ചോദ്യം-
"അക്രമി ഇറ്റലിയില്‍ എവിടെയാണ് താമസിച്ചിരുന്നത്?"-അറിയില്ല.
"അയാള്‍ എന്തു ജോലിയാണു ചെയ്തിരുന്നത്?"-അറിയില്ല
"അയാള്‍ക്കു എന്തു വിസയാണ് നല്‍കിയത്?"-അറിയില്ല.
"അയാള്‍ക്ക് കുടുംബമുണ്ടോ?"- അറിയില്ല.
ഇനിയൊന്നും കിട്ടാനില്ല എന്നു കരുതി സീയ്ഗല്‍ സ്ക്രാപ്ബുക്ക് അടച്ച് എഴുന്നേറ്റ് പോകുമ്പോള്‍ നയതന്ത്രപ്രതിനിധി ഏറ്റവും വിലയേറിയ ഒരു വിവരം ചോദിക്കാതെ തന്നെ പുറത്തുവിട്ടു. "തുര്‍ക്കിയിലെ ഏറ്റവും കുപ്രസിദ്ധനായ കൊലപാതകി ആയിരുന്നു അയാള്‍.പേര് മെഹ് അഗ്‌ക. അവിടത്തെ പ്രമുഖപത്രത്തിന്റെ പത്രാധിപരെ കൊന്ന കേസില്‍ ശിക്ഷ അനുഭവിച്ചു വരവെ അയാള്‍ ജയില്‍ ചാടിയതാണ്."
സീയ്ഗല്‍ എഴുതുന്നു.'എനിക്കു ആദ്യം തന്നെ ഒറ്റ ചോദ്യം ചോദിച്ചാല്‍ മതിയായിരുന്നു'. "അയാളെപ്പറ്റി എന്തെങ്കിലും അറിയാമോ?"എന്ന്!
പറയിപ്പിക്കുന്ന ആള്‍ക്കും വേണം കാര്യഗ്രാഹ്യവും സംഭാഷണവൈദഗ്ദ്ധ്യവും. അതേക്കാള്‍ ഉപരി കേള്‍ക്കുക എന്നൊരു സിദ്ധി കൂടി ഉണ്ട്. കേള്‍ക്കല്‍ മായികമായ സംഗതിയാണ്. സൃഷ്ട്യുന്മുഖമായ അസാധാരണമായ ശക്തിയാണ് കേള്‍ക്കലിനു പുറകിലുള്ളതു. പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുന്നവരുടെ സൗഹൃദപൂര്‍ണ്ണമായ വൃത്തപരിധിയിലേക്ക് കടന്നു ചെല്ലുന്നതില്‍ അര്‍ഥമുണ്ട്.അവരില്‍ നിന്നു പ്രസരിക്കുന്ന ഭാവനപരവും ചിന്താപരവുമായ തരംഗങ്ങളാണ് വര്‍ത്തമാനം പറയുന്ന ആളുടെ പ്രചോദനം.
വര്‍ത്തമാനം പറയുന്നത് നിര്‍ത്തേണ്ട അടയാളവും കേള്‍വിക്കാരനില്‍ നിന്നു തന്നെ വരുമെന്ന് വര്‍ത്തമാനം പറാച്ചിലുകാരനും ഓര്‍മ്മിക്കേണ്ടതുണ്ട്..
ഒന്നും ഉരിയാടാതെ എല്ലാം സമ്മതിച്ച് തലകുലുക്കി കേള്‍വിക്കാരന്‍ ഇരിക്കുമ്പോള്‍ നിര്‍ത്താം.കേള്‍വിക്കാരന്‍ അയാളില്‍ നിന്നു എത്രയോ അകലെ ആയിക്കഴിഞ്ഞു.നിര്‍ത്താതെ വര്‍ത്തമാനം പറയുന്നതില്‍ സാമര്‍ഥ്യമൊന്നുമില്ലെന്ന് സാരം.
ആകസ്മികമായ മൗനങ്ങള്‍ കൊണ്ടാണ് സംഭാഷണത്തെ വിസ്മയകരമാക്കാനാകുക എന്നു നമ്മുടെ എം.എന്‍.വിജയന്‍ മാഷ് നമുക്ക് കാണിച്ച് തന്നിട്ടുമുണ്ട്.
വര്‍ത്തമാനകാലഘട്ടത്തിലെ സംഭാഷണങ്ങളെപ്പറ്റി ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് എഴുതിയ ഹ്രസ്വലേഖനത്തില്‍ അഭിമുഖസംഭാഷണങ്ങള്‍ രൂപമെടുക്കുന്നതിലെ സ്വാഭാവികതകളും അസ്വാഭാവികതകളും ചൂണ്ടിക്കാണിക്കുന്നുണ്ട്.തന്റെ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യകാലങ്ങളില്‍ പ്രമുഖരുമായി അദ്ദേഹമുള്‍പ്പെടെയുള്ള ലേഖകര്‍ നടത്തിയ സംഭാഷണങ്ങള്‍,- കേള്‍വിക്കാരന്റെ ഉത്തരവാദിത്വങ്ങളും വര്‍ത്തമാനം പറച്ചിലുകാരന്റെ സാമര്‍ഥ്യങ്ങളോടൊപ്പം അസമര്‍ഥതയും പ്രതിഫലിച്ച വര്‍ത്തമാനങ്ങള്‍- മാര്‍ക്കേസിന് പാവനമാണ്. അന്നു വര്‍ത്തമാനം പറയുന്ന ആളുടെ മുഖത്തേക്കു നീട്ടിപ്പിടിച്ച ടേപ്പ് റെക്കോര്‍ഡറുകളില്ലായിരുന്നു. കയ്യിലൊരു സ്ക്രാപ് ബുക്കും പേനയും പിന്നെ ആലോചിച്ചുറച്ച ചോദ്യങ്ങളും മാത്രമായാണ് അവര്‍ നേരിട്ടിരുന്നത്.പറയുന്ന ആളിന്റേയും കേള്‍ക്കുന്ന ആളിന്റേയും മോണോലോഗുകള്‍ സമഗ്രമായ അഭിമുഖസംഭാഷണമായി മാറും. ഓരോ ചോദ്യവും വിഷയത്തിന്റെ അടിസ്ഥാനഘടകങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ മുന്‍ ഉത്തരത്തിന്റെ തത്‌സമയസ്വഭാവവുമായി സമന്വയിപ്പിച്ച് മുന്നേറുന്ന സംഭാഷണം, ടേപ് റെക്കോര്‍ഡുകള്‍ക്കു നല്‍കാനാവില്ല എന്നാണ് മാര്‍ക്കേസ് എഴുതിയത്. എന്ന് മാത്രമല്ല ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ട് വെറുതെ കേട്ടുകൊണ്ടിരിക്കുന്നത് മറ്റേ വ്യക്തിക്കു പ്രചോദനമാകുകയുമില്ല.
ടേപ് റെക്കോര്‍ഡറുകള്‍ രണ്ട് തരം ദ്രോഹമാണ് ചെയ്യുന്നത്. ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയത്ത് ചോദിക്കപ്പെടുന്നില്ല. വര്‍ത്തമാനം പറച്ചിലുകാരന്റെ വാക്കുകളുടെ ഒഴുക്ക് മുറിച്ചുകടക്കാന്‍ ചോദ്യകാരന്‍ മറക്കുന്നു. രണ്ട്. ഉത്തരം പറയേണ്ട;അതപകടമാണ് എന്നു അത് വര്‍ത്തമാനം പറച്ചിലുകാരനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഇന്ന് വര്‍ത്തമാനം പറയുന്നവര്‍ റെക്കോര്‍ഡറുകളേയും കാമറകളേയും അതിജീവിക്കാന്‍ പഠിച്ചുകഴിഞ്ഞു.
ഒരു ക്രിയേറ്ററുടെ സങ്കടം മാര്‍ക്കേസ് പറഞ്ഞുവെന്നു മാത്രം. പക്ഷേ മാര്‍ക്കേസ് വാസ്തവത്തില്‍ ജീവിതത്തില്‍ നന്നായൊന്ന് അമ്പരന്നത് ഒരു സുന്ദരി അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നപ്പോഴായിരുന്നുവത്രെ.മാര്‍ക്കേസിന്റെ സാഹിത്യജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ വന്ന സുന്ദരിയോട് അന്നു സംസാരിക്കാന്‍ ഉള്ള മാനസികാവസ്ഥയിലല്ലെന്നു പറഞ്ഞ അദ്ദേഹം വേണമെങ്കില്‍ അന്നു താന്‍ നടത്താനിരിക്കുന്ന ഒരു ബോട്ട് യാത്രയില്‍ ഒപ്പം കൂടാമെന്ന് ക്ഷണിച്ചു. യുവതിയെ സംഭന്ധിച്ചിടത്തോളം വലിയൊരു സൗഭാഗ്യമായിരുന്നു അത്.
പകല്‍ മുഴുവനും ബോട്ട് യാത്രയും ഇടക്കു ഭക്ഷണവും ഒക്കെയായി ദിവസം മുന്നോട്ട് നീങ്ങവേ മാര്‍ക്കേസ് ഇടതടവില്ലാതെ സംസാരിക്കുകയായിരുന്നു. യുവതി കേള്‍വിക്കാരിയായി. വൈകുന്നേരമായി. ഓര്‍ക്കാപ്പുറത്താണ് മാര്‍ക്കേസിനു സുന്ദരിയുടെ ഒരു ചോദ്യം പ്രഹരമായത്. താങ്കള്‍ക്കു രാവിലെ ഉണ്ടായിരുന്ന മാനസികാവസ്ഥ ഇപ്പോള്‍ തികച്ചും മാറിയല്ലോ. വളരെ ഉല്ലാസവാനാണ് താങ്കള്‍. നമുക്കു അഭിമുഖസംഭാഷണം തുടങ്ങാം. സുന്ദരി തയ്യാറാക്കിയ ചോദ്യങ്ങള്‍ പുറത്തേക്കെടുത്തു.
എത്ര വിലപിടിച്ച, ഒരു ദിവസം നീണ്ടു നിന്ന വര്‍ത്തമാനമായിരുന്നു അന്നു ആവിയായിപ്പോയതു!
ഒരു ആശ.
നമ്മുടെ പല പത്രലേഖകരും നടത്തുന്ന അഭിമുഖ സംഭാഷണങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്നവയില്‍ ചുരുങ്ങിയത് ഈ വാക്കുകളെങ്കിലും ഇനി സ്ഥിരമായി ഉപയോഗിക്കാതിരുന്നാല്‍ എന്നാശിച്ചു പോകുന്നു. 'ആയിരം നാവു', 'പറഞ്ഞു നിര്‍ത്തി' എന്നിവ.
"കവിഞ്ഞൊഴുകുന്ന പെരിയാറിനെപ്പറ്റിപറയുമ്പോള്‍ തോണിക്കാരന്‍ കുഞ്ഞമ്പുവിന് ആയിരം നാവ്, എന്നിങ്ങനെ ഭൂരിഭാഗം ഫീച്ചറുകളിലും ആയിരം നാവ് കാണാം. തോണിക്കടവത്തു നിന്നു അക്കരെ നോക്കി കുഞ്ഞമ്പു പറഞ്ഞു നിര്‍ത്തി. ആരോ ഒരു ലേഖകന്‍ പുതുമക്കു വേണ്ടി എഴുതിപ്പോയതാണ് ഇന്നും പെരിയാറു പോലെ തുടര്‍ച്ചയായി പ്രവഹിക്കുന്നത്.
കുഞ്ഞമ്പു പറഞ്ഞുനിര്‍ത്തുന്നതു അയാള്‍ക്കു പറയാനില്ലാത്തത് കൊണ്ടല്ല ലേഖകന് മടുക്കുന്നതു കൊണ്ടും ചോദ്യം ഇല്ലാത്തത് കൊണ്ടും ആണ്.
ടെലിവിഷനിലെ ചോദ്യംചെയ്യല്‍കാരും തത്ക്കാലം ഉപേക്ഷിക്കേണ്ട പദങ്ങളും പ്രയോഗങ്ങളും ഉണ്ട് അതിലൊന്ന് ഉടനടി വേണ്ടെന്ന് വെച്ചാല്‍ 'തീര്‍ച്ചയായും' നല്ലൊരു വിഭാഗം ആശ്വസിക്കാതിരിക്കില്ല. അതെ. "തീര്‍ച്ചയായും" തന്നെ.
Subscribe to:
Post Comments (Atom)
6 comments:
"ലോകത്തു പാതിയും ജനങ്ങള്‍ എന്തെങ്കിലും കാര്യങ്ങള്‍ പറയാന്‍ മനസ്സിലുണ്ടായിട്ട് പറയാന്‍ കഴിയാതിരിക്കുന്നവരാണ്. ബാക്കി പാതിയോ ഒന്നും പറയാനില്ലെങ്കിലും വെറുതെ കലപില കൂട്ടി കോലാഹലം കാണിച്ചുകൊണ്ടിരിക്കുന്നവരും"
പുതുവര്‍ഷത്തെ ആദ്യ ലേഖനം തന്നെ ഉള്‍ക്കാഴ്ച നല്‍കുന്നു.
നല്ല ഫ്യൂച്ചര്‍ മാഷെ അഭിനന്ദനം.!!
നല്ലവര്‍ത്തമാനം ഒരു കലയാണെങ്കില്‍,
നിത്യജീവിതത്തില്‍ക്കാണുന്ന
എത്രയോപേര്‍ അറിയപ്പെടേണ്ടവരാണു,അല്ലെ?
മറ്റൊന്നുകൂടി-ഈയിടെ ആരും ഒന്നും ‘പറയാറീ’ല്ലേ സര്‍?
എല്ലാവരും ‘സൂചിപ്പി’യ്ക്കുകയാണല്ലോ.
മനോഹരമായ എഴുത്ത്.
എഡിറ്ററായും ടിവി-യിലുമേ കണ്ടിട്ടുള്ളൂ.
എഴുതും എന്ന് വൈകിയാണ് അറിഞ്ഞത്.
നന്ദി..നല്ല എഴുത്ത്...വായിക്കാന്‍ വളരെ വൈകിപ്പോയി...
Post a Comment