Sunday, March 15, 2009

റെസുല്‍ പൂക്കുട്ടി


ഒരു വിശിഷ്ട വ്യക്തി നടത്തിയ പത്രസമ്മേളനത്തില്‍ നിന്ന്‌ പ്രത്യേകിച്ച്‌ വാര്‍ത്തയൊന്നും കൊടുക്കാനില്ല എന്നു ഒരു ലേഖകന്‍ പറയുമ്പോള്‍ എന്താണ്‌ മനസ്സിലാക്കേണ്ടത്‌?
ആ വ്യക്തി പുതിയതായി ഒന്നും പറഞ്ഞില്ലന്നോ?
വ്യക്തമായി ഒന്നും പറഞ്ഞില്ലെന്നോ?
അതോ, ലേഖകന്‌ വാര്‍ത്ത തേടുന്നതില്‍ മടുപ്പ്‌ വന്നു തുടങ്ങിയെന്നോ?
അവസാനം പറഞ്ഞതാണ്‌ ശരിയായ കാര്യം എന്നാണ്‌ എനിക്കു തോന്നുന്നത്‌.
പ്രത്യേകിച്ച്‌ ആ വിശിഷ്ടവ്യക്തി, ഭാവനാശാലിയും, തണ്റ്റെ മേഖലയില്‍ നല്ല അറിവും പരിചയവും നേടിയ ആളാവുമ്പോള്‍. ഓസ്കര്‍ പുരസ്കാരം നേടിയ റെസുല്‍ പൂക്കുട്ടി ആയിരുന്നു പത്രസമ്മേളനം നടത്തിയ ആ വ്യക്തി.
പ്രസിദ്ധരായവര്‍ എന്തു പറഞ്ഞാലും വാര്‍ത്ത ആവുന്ന നാട്ടില്‍ വിവരമുള്ള, അദ്ധ്വാന ശാലിയായ പൂക്കുട്ടി പറയുന്നതില്‍ ഒന്നും റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഇല്ലെന്ന്‌ പറയുമ്പോള്‍ അതു സ്വീകരിക്കാന്‍ വിഷമമാണ്‌.
ഇനി റെസുല്‍ കാര്യമായി ഒന്നും പറഞ്ഞിട്ടില്ലെന്നു ആ ലേഖകന്‌ തോന്നുന്നു എന്നു കരുതുക,.
അപ്പോഴും ഞാന്‍ അയാളെ കുറ്റപ്പെടുത്തുകയാണ്‌. അയാള്‍ റെസുല്‍ പൂക്കുട്ടിയില്‍ നിന്നു താന്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഉത്തരങ്ങള്‍ കിട്ടാന്‍ വേണ്ട ചോദ്യങ്ങള്‍ എന്തു കൊണ്ട്‌ ചോദിച്ചില്ല?
ലേഖകന്‍ ഭാവനാശൂന്യന്‍ ആയികഴിഞ്ഞിരിക്കുന്നു. അയാള്‍ക്ക്‌ ജനങ്ങള്‍ക്ക്‌ വേണ്ടി പുതുതായ ചോദ്യമൊന്നും ഉന്നയിക്കാന്‍ കഴിയാതായിരിക്കുന്നു. പത്രസമ്മേളനത്തില്‍ സന്നിഹിതരായ മിക്ക ലേഖകരും ചോദ്യങ്ങള്‍ ഉന്നയിച്ചില്ല എന്നു വേണം കരുതാന്‍. കാരണം എനിക്കു തലേ ദിവസം തന്നെ ബോദ്ധ്യമായിരുന്നു, റെസുലിനു പറയാന്‍ ധാരാളം കാര്യങ്ങള്‍ ഉണ്ട്‌.
സിനിമയെ പറ്റി. സാഹിത്യത്തെ പറ്റി. സംഗീതത്തെ പറ്റി.
താന്‍ ഇടപഴകുന്ന അസാധാരണ വ്യക്തികളെ പറ്റി. അവരുമായി തനിക്കു യോജിക്കാവുന്നതും യോജിക്കാനാവാത്തതും ആയ വിഷയങ്ങളെ പറ്റി.
അസാധാരണമായ തണ്റ്റെ സാങ്കേതിക പ്രവര്‍ത്തി മികവുറ്റു നില്‍ക്കുന്നതാക്കി മാറ്റുന്നതിന്‌ ഈ യുവാവു എന്താണ്‌ ചെയ്യുന്നത്‌ എന്നു മനസ്സിലാക്കാന്‍ ആസംഭാഷണം ഉപകരിച്ചു.
സാധാരണ ഗതിയില്‍ ഒരാള്‍ തനിക്കു വയ്യ എന്നു പറഞ്ഞു ഉപേക്ഷിച്ചു പോകുന്ന കാര്യങ്ങള്‍ ശ്രമിച്ചു നോക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന യുവാവാണ്‌ റെസുല്‍.
തലേന്നു രാത്രി ചാനലിനു വേണ്ടി റെസുലുമായുള്ള എം വി നികേഷ്‌കുമാരിണ്റ്റെ പ്രത്യേകപരിപാടി റെകോര്‍ഡ്‌ ചെയ്ത ശേഷം സഹപ്രവര്‍ത്തകരും ഞാനും പിരിയുന്നതു രാത്രി പന്ത്രണ്ട്‌ മണി കഴിഞ്ഞാണ്‌.
അന്നു രാവിലെ മുതല്‍ റെസുലിണ്റ്റെ ഇപ്പോള്‍ കൈവന്ന തിരക്കുകളില്‍ നിന്ന അദ്ദേഹത്തെ മോചിപ്പിച്ചെടുത്തു ഈ പരിപാടിയില്‍ കൊണ്ടുവരാന്‍ ഞങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.
ഞങ്ങളുടെ അതിഥികളായി രണ്ട്‌ സംവിധായകരും ആ പരിപാടിയുടെ റെക്കോര്‍ഡിങ്ങില്‍ പങ്കെടുത്തിരുന്നു. ശ്രീ സിബി മലയിലും, ശ്രീ കമലും.
ഏതാണ്ട്‌ ഒരു മണിക്കൂറ്‍ നീണ്ടു നിന്ന സംഭാഷണത്തില്‍ റെസുല്‍ തണ്റ്റെ അതിസാങ്കേതികമായ ജോലിയെ കുറിച്ചു വളരെ ബുദ്ധിപൂര്‍വമായാണ്‌ സംസാരിച്ചതു.
ശബ്ദമിശ്രണം അഭിനേതാവിണ്റ്റെ സംഭാഷണം മാത്രമല്ല നിശ്വാസം പോലും പിടിച്ചെടുത്തു നല്‍കേണ്ട പ്രവൃത്തിയായാണ്‌ റെസുല്‍ കാണുന്നതു.
ആ നിശ്വാസം മറ്റൊരു ടേക്കില്‍ ലഭിക്കുമെന്നു കരുതേണ്ട.
കഥാപാത്രം നടന്നു പോകുമ്പോള്‍ വീശിയ കാറ്റ്‌ വേണ്ടതാണൊ വേണ്ടാത്തതാണോ എന്നയാള്‍ നിശ്ചയിക്കണം.
നാടകീയത എവിടെ നിന്നു ഏതു ശബ്ദത്തില്‍ നിന്നു ഏതു നിശബ്ദതയില്‍ നിന്ന്‌ രൂപം പ്രാപിക്കുന്നു എന്നയാള്‍ക്കു നിശ്ചയം വേണം. നാടകീയതയാണ്‌,
ഡ്രാമയാണ്‌ എഴുത്തുകാരനും സംവിധായകനും സംഗീതകാരനും ശബ്ദസന്നിവേശക്കാരനും എല്ലം ഒത്തുചേര്‍ന്ന്‌ സൃഷ്ടിക്കുന്നത്‌.
അതിന്‌ ശബ്ദസന്നിവേശകന്‍ രേഖപെടുത്തിയ ചില ശബ്ദങ്ങള്‍ ഉപേക്ഷിക്കണം, രേഖപെടുത്താത്തത്‌ ഉണ്ടാക്കിയെടുക്കണം.
അവ കഥയിലെ സ്ഥലകാലങ്ങള്‍ക്കനുസരിച്ചു തിരസ്ക്കരിക്കുകയോ സ്വീകരിക്കുകയോ ചെയ്യണം.
പ്രകൃതിയുടെ സ്വാഭാവിക ശബ്ദങ്ങള്‍ തിരിച്ചറിയണം
ഒരു ഗ്രാമത്തിലെ നിശബ്ദമായ രാത്രി ചീവീടുകള്‍ ചേര്‍ന്നു ഉണ്ടാക്കുന്നതാണ്‌. ഒരു മഹാനഗരത്തിലെ ചേരിയിലെ ഒരു നിശബ്ദരാത്രിയില്‍ ചീവീടുകള്‍ ഇല്ല. അവിടെ വേറൊരു നിശബ്ദതയാണ്‌.
കഠിനാധ്വാനത്തിനു ദൈവം നല്‍കുന്നതു അനുഭവങ്ങള്‍ വഴിയുള്ള അറിവാണ്‌. വെല്ലുവിളികള്‍ ഏറ്റെടുക്കുമ്പോള്‍ നല്‍കുന്നതു പുരസ്കാരവും എന്ന്‌ ഒരു അറബ്‌ പഴമൊഴിയുണ്ട്‌.
---
പരിപാടി റെക്കോര്‍ഡ്‌ ചെയ്ത ശേഷവുംഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. വളരെ ലളിതമായ ഭാഷയില്‍ റെസുല്‍ സംസാരിച്ചു കൊണ്ടിരുന്നു.
റെസുലിണ്റ്റെ ആ പ്രസിദ്ധമായി തീര്‍ന്ന മറുപടിപ്രസംഗമുണ്ടല്ലൊ.
"- സാര്‍വലൌകികമായ ഒരു വാക്കു പ്രദാനം ചെയ്ത ഒരു രാജ്യത്തില്‍ നിന്നും സംസ്കാരത്തില്‍ നിന്നും ആണ്‌ ഞാന്‍ വരുന്നതു. ആ വാക്കിനു മുന്നോടിയായി വരുന്നത്‌ നിശബ്ദതയാണ്‌. അതിനെ തുടര്‍ന്നു വരുന്നതും കൂടുതല്‍ നിശബ്ദതയാണ്‌. ഓം എന്നാണ്‌ ആ വാക്കു. ഞാന്‍ ഈ പുരസ്കാരം എണ്റ്റെ രാജ്യത്തിനു സമര്‍പ്പിക്കുന്നു." ആ ഗംഭീരമായ വാചകങ്ങള്‍ നന്നെ കിതച്ചാണ്‌ റെസുല്‍ പറഞ്ഞുതീര്‍ത്തത്‌.
ഞങ്ങള്‍ ആ കൃതജ്ഞതാ പ്രസംഗത്തെകുറിച്ചു ചോദിച്ചു.
റെസുല്‍ പറഞ്ഞു
-ആര്‍ക്കാണ്‌ അവാര്‍ഡ്‌ എന്ന്‌ ആകെ രണ്ടു പേര്‍ക്ക്‌ മാത്രമേ അറിയൂ. നോമിനേഷന്‍ തരംതിരിക്കുന്ന ഓസ്കാര്‍ സമിതിയുടെ അക്കൌണ്ടണ്റ്റിനും കാലിഗ്രഫര്‍ക്കും (ഒട്ടിച്ച കവറില്‍ ഓസ്കാര്‍ ഗോസ്‌ ടു എന്നതിനു ശേഷം ജേതാവിണ്റ്റെ പേരെഴുതുന്ന ആള്‍)ദിവസങ്ങള്‍ക്കു മുന്‍പേ അവരെ ആരെയും ബന്ധപ്പെടാതെ മാറ്റി പാര്‍പ്പിക്കുമത്രെ. ഓസ്കാര്‍ പുരസ്കാര ഉപഹാരത്തില്‍ പേരു കൊത്താത്തത്‌ പോലും മുന്‍കൂട്ടി അത്‌ അറിയുന്നവരുടെ എണ്ണം കുറക്കാനാണ്‌.
ഓരോ അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നതിനും നിശ്ചിതമായ സമയക്രമം ഉണ്ട്‌. നിശ്ചിത സമയത്ത്‌ ഓരോ പുരസ്കാരത്തിനും ശുപാര്‍ശ ചെയ്യപ്പെട്ടവര്‍ അവര്‍ക്കു നിശ്ചയിച്ച ഇരിപ്പിടത്തില്‍ ഉണ്ടായിരിക്കണം.
പുരസ്കാരം പ്രഖ്യാപിച്ചാല്‍ ഉടന്‍ ജേതാവ്‌ എഴുന്നേറ്റ്‌ വേദിയില്‍ എത്തണം. പുരസ്കാരം വാങ്ങണം. മറുപടി പ്രസംഗം നടത്തണം. ഇതിനെല്ലാം കൂടെ അറുപത്‌ സെക്കന്‍ഡ്‌ സമയമാണ്‌ നല്‍കുക. സംവിധായകന്‍ ആയാലും, നടന്‍ ആയാലും, ശബ്ദസന്നിവേശകന്‍ ആയാലും. ഒരു മിനിറ്റ്‌.
ഒരു മഹാസദസ്സ്‌. ലോകം മുഴുവന്‍ പ്രേക്ഷകര്‍പുരസ്കാരം പ്രഖ്യാപിക്കുന്ന ആ നിമിഷമൂണ്ടല്ലൊ- ആ നിമിഷം തൊട്ട്‌ പിന്നെ കുറേ നിമിഷം ഒന്നും തിരിച്ചറിയില്ല. പ്രതീക്ഷക്കും കാത്തിരിപ്പിനും പുറകെ വരുന്ന എല്ലാം മനസ്സിലൊരു ബിന്ദുവില്‍ ഒന്നിക്കുന്ന നിമിഷമാണത്‌. അതാണ്‌ മാനസികാവസ്ഥ.
സമിതിയുടെ നിര്‍ദ്ദേശം ഓര്‍മ വരാന്‍ ഇത്തിരി സമയം എടുക്കും.
റെസുലിണ്റ്റെ പത്തുപതിനഞ്ച്‌ സെക്കന്‍ഡ്‌ അങ്ങനെ പോയി.
പിന്നെ ഇരുപതു സെക്കന്‍ഡ്‌ കൊണ്ട്‌ ഓടി വേദിയിലെത്തി.
ബാക്കി നാല്‍പ്പത്‌ സെക്കന്‍ഡ്‌.
വേദിയില്‍ നിന്നു നോക്കിയാല്‍ കാണാമത്രെ വലിയൊരു ഡിജിറ്റല്‍ റ്റൈമെറില്‍ നിമിഷങ്ങള്‍ കടന്നു പോകുന്നതു. -ഓര്‍മ്മിപ്പിക്കുകയാണ്‌. ആ ഡിജിറ്റല്‍ സമയമാപിനി ഓര്‍മ്മിപ്പിക്കുക മാത്രമേ യ്യുന്നുള്ളൂ. അതിനു താഴെ ഒരാള്‍ നില്‍പ്പുണ്ട്‌. ആജാനുബാഹുവായ അയാള്‍ അവിടെ നിന്നു സമയം പോകുന്നതു വലിയ ആംഗ്യങ്ങളോടെയും ഓര്‍മ്മിപ്പിക്കുന്നു. വാസ്തവത്തില്‍ അവിടെ ആഹ്ളാദത്തോടെ നിന്നു പുരസ്കാരം വാങ്ങാന്‍ അല്ല ആ മനുഷ്യന്‍ ആവശ്യപ്പെടുന്നത്‌. അവിടെ നിന്ന്‌ എത്രയും വേഗം അതു വാങ്ങി സ്ഥലം വിടാനാണ്‌.
മുന്നറിയിപ്പ്‌ - മതിയാക്കാനുള്ള ആംഗ്യം- മാറിപ്പോകാനൂള്ള ആംഗ്യം.
അതിനിടയില്‍ കിതപ്പും!
എങ്ങനെ മനസ്സില്‍ രൂപപ്പെടുത്തിയ കാര്യങ്ങള്‍ പറഞ്ഞുതീര്‍ക്കും!
ഒരു മാര്‍ഗ്ഗം മാത്രം. അയളേ നോക്കാതെ ഉള്ളതു പറഞ്ഞ്‌ തീര്‍ക്കുക. ലോകമെങ്ങും കോടി കണക്കിനു ജനങ്ങള്‍ കാണൂകയാണ്‌. പക്ഷെ ആ വേദിയില്‍ ആരും സഹായിക്കാനില്ലാതെ ഒരാള്‍
- അപ്പോള്‍ ലോകത്തിനു മുന്നില്‍ വലിയ ഒരാളായി തീര്‍ന്ന ഒരു ആള്‍ ഒറ്റക്കു സ്വയമാശയം പ്രകാശിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്‌. വലിയ ഭാരമുള്ള നിമിഷങ്ങളാണവ.
എന്തിനേയും പരാജയപ്പെടുത്തുന്ന ചില നിമിഷങ്ങളെ ഒപ്പത്തിനൊപ്പം നിര്‍ത്തിയാണ്‌ റെസുല്‍ ഗംഭീരമായ ആ മറുപടി എണ്റ്റെ ഭാഷയില്‍ മനോഹരമായി നല്‍കിയത്‌.
ഞാന്‍ നിസ്സീമമായി അഹ്ളാദിച്ച ആ സമയത്തിണ്റ്റെ യഥാര്‍ത്ഥ പശ്ചാത്തലം റെസുല്‍ പറഞ്ഞറിഞ്ഞപ്പോള്‍ പുതിയ അത്ഭുതമായി. രാത്രി പന്ത്രണ്ട്‌ മണിയായിരുന്നു.
റെസുലിനു പോകാന്‍ സമയമായി.
പിരിയാന്‍ നേരത്ത്‌ ഓസ്കാര്‍ പുരസ്കാരം ഞങ്ങള്‍ കൌതുകത്തോടെ കൈയിലെടുത്തു.
കുറച്ചുനേരം അതു കൈയില്‍ വെക്കാന്‍ റെസുല്‍ തരികയായിരുന്നു.
എത്രയെത്ര പേര്‍ അതു ഇതിനിടെ സ്പര്‍ശിച്ചിരിക്കും!
എണ്‍പത്തൊന്നു വര്‍ഷമായി ഏതെല്ലാമോ നാടുകളില്‍ എത്രയോ കലാകാരന്‍മാര്‍ക്കു പുരസ്കാരം ലഭിച്ചിരിക്കുന്നു. അവിടെ എല്ലാം ആള്‍ക്കാര്‍ അതു കണ്ണാല്‍ കണ്ടിരിക്കും.
അതു താരങ്ങള്‍ക്കു ലഭിക്കുന്നതാണ്‌.
സംവിധായകന്‍ സ്റ്റെവെന്‍ സ്പീല്‍ബെര്‍ഗോ നടി കേറ്റ്‌ വിന്‍സ്ളെറ്റോ അതു സധാരണക്കാരുടെ അടുത്ത്‌ എത്തിക്കുന്നില്ല.
പക്ഷെ വളരെ അധികം സാധാരണക്കാരുടെ കരസ്പര്‍ശമേറ്റ ഓസ്കര്‍ പുരസ്കാരങ്ങളിലൊന്നു തീര്‍ച്ചയായും റെസുല്‍ പൂക്കൂട്ടിക്കു ലഭിച്ചതാകും.
ഞാന്‍ നാടിനു സമര്‍പ്പിക്കുന്നു എന്നു പറയുമ്പോള്‍ സുഹൃത്തുക്കളുടെ മാത്രമല്ല നാട്ടുകാരുടേയും കരസ്പര്‍ശം അതിനു വലിയൊരു അര്‍ത്ഥം ഉണ്ടാക്കുന്നു.
അതിനു അങ്ങനെയൊരു തലവുമുണ്ട്‌.
ഓസ്കാര്‍ നിബന്ധനയനുസരിച്ചു പുരസ്കാരം അന്യാധീനപെടുത്താനോ വില വാങ്ങി കൈമാറാനോ പാടില്ല. വില്‍ക്കുന്നെങ്കില്‍ ഓസ്കാര്‍ സമിതിക്കു തന്നെ കൊടുക്കണം. അതിനു ഒരു ഡോളര്‍ വില നല്‍കും. എത്ര അര്‍ത്ഥപൂര്‍ണ്ണമായ വില നിശ്ചയം. പുരസ്കാരം വേണ്ടെന്നു വെക്കുന്ന ഒരാള്‍ക്കു അത്ര പോലും വില നല്‍കേണ്ട കാര്യമില്ല.
അതു ഹൃദയമെന്ന പോലെ സൂക്ഷിക്കുന്ന ആള്‍ക്കാവട്ടെ വില മതിക്കാനാവാത്തതുമായിത്തീരുന്നു.
എല്ലാ സൂക്ഷ്മമായ ആശയങ്ങള്‍ക്കു പിന്നിലും എത്ര വലിയ ചിന്തയാണു പ്രവര്‍ത്തിക്കുന്നത്‌!.

6 comments:

a.sahadevan said...

എന്തിനേയും പരാജയപ്പെടുത്തുന്ന ചില നിമിഷങ്ങളെ ഒപ്പത്തിനൊപ്പം നിര്‍ത്തിയാണ്‌ റെസുല്‍ ഗംഭീരമായ ആ മറുപടി എണ്റ്റെ ഭാഷയില്‍ മനോഹരമായി നല്‍കിയത്‌.
ഞാന്‍ നിസ്സീമമായി അഹ്ളാദിച്ച ആ സമയത്തിണ്റ്റെ യഥാര്‍ത്ഥ പശ്ചാത്തലം റെസുല്‍ പറഞ്ഞറിഞ്ഞപ്പോള്‍ പുതിയ അത്ഭുതമായി.

chithrakaran:ചിത്രകാരന്‍ said...

വളരെ മനോഹരമായി റസൂല്‍ പൂക്കുട്ടിയിലെ മഹത്വത്തെ,മനുഷ്യനെ അനുവാചക ഹൃദയത്തിലേക്ക് പകര്‍ന്നു നല്‍കിയിരിക്കുന്നു.
ചിത്രകാരന്റെ നന്ദി.

അനൂപ് :: anoop said...

നല്ല പോസ്റ്റ്‌. ഈ അനുഭവം പങ്കു വെച്ചതിനു നന്ദി.

ചാര്‍വാകന്‍ said...

താങ്കള്‍,ഈ ബ്ലോഗിലുണ്ടന്നറിഞ്ഞിരുന്നില്ല.ക്ഷമിക്കുക.ഞാന്‍ ക്ഷമയോടെ ടിവിയില്‍ കാണുന്ന ഒരെയൊരു പരിപാടിയാണ്‌'24-ഫ്രെയിമ്സ്.'ചിത്രകാരന്‍ പരിചയപ്പെടുത്തിയതുകൊണ്ടു മാത്രം ഇതിലെ വന്നു.കൂടുതല്‍ പിന്നാലെവരും .

Melethil said...

Nice Post, Thanks!

rajeshchandran said...

rasoolinte...kazhivineekkaall...addehatintee thurannasameepanthee....manasillakkan...malayali...eniyum...samayameddukkummm.......nanni....for nice post